
ന്യൂഡൽഹി: ഇന്തൊനേഷ്യയിൽ കാണാതായ 45കാരിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നെന്ന് റിപ്പോർട്ട്. മധ്യ ഇന്തോനേഷ്യയിലെ സൗത്ത് സുലവേസി പ്രവിശ്യയിലെ കലംപാങ് ഗ്രാമത്തിലാണ് 45 കാരിയായ ഫരീദ എന്ന സ്ത്രീയെ കാണാതായത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ അഞ്ച് മീറ്റർ (16 അടി) നീളമുള്ള പാമ്പിനെ കണ്ടെത്തുകയായിരുന്നു. സംശയം തോന്നി പാമ്പിന്റെ വയറ് കീറി മുറിച്ചപ്പോഴാണ് പാമ്പ് വിഴുങ്ങിയ നിലയിൽ സ്ത്രീയെ കണ്ടെത്തിയതെന്ന് ഗ്രാമത്തലവൻ സുവാർദി റോസി പറഞ്ഞു.
നാല് മക്കളുടെ അമ്മയായ ഫരീദയെ വ്യാഴാഴ്ച രാത്രി മുതലാണ് കാണാതായത്. പാമ്പിനുള്ളിൽ പൂർണമായും വസ്ത്രം ധരിച്ച നിലയിലാണ് ഫരീദയെ കണ്ടെത്തിയത്. ഇന്തോനേഷ്യയിൽ സമീപ വർഷങ്ങളിൽ പെരുമ്പാമ്പുകൾ മനുഷ്യനെ വിഴുങ്ങുന്ന സംഭവം വർധിക്കുകയാണ്. 2022-ൽ, തെക്കുകിഴക്കൻ സുലവേസിയിലെ ടിനാംഗേ ജില്ലയിലെ നിവാസികൾ എട്ട് മീറ്റർ പെരുമ്പാമ്പിനെ കൊന്നപ്പോൾ കർഷകരിൽ ഒരാളെ വിഴുങ്ങിയ നിലയിൽ കണ്ടെത്തി.
അതുപോലെ, 2018 ൽ, തെക്കുകിഴക്കൻ സുലവേസിയിലെ മുന പട്ടണത്തിൽ ഏഴ് മീറ്റർ പെരുമ്പാമ്പിനുള്ളിൽ 54 കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ വർഷം, വെസ്റ്റ് സുലവേസിയിലെ ഒരു കർഷകനെ കാണാതാവുകയും പിന്നീട് പാം ഓയിൽ തോട്ടത്തിൽ നാല് മീറ്റർ നീളമുള്ള പെരുമ്പാമ്പ് ജീവനോടെ തിന്നുകയും ചെയ്തു.
Missing woman found inside python stomach