ഉമാ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരും; അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടി കാണാനെത്തി കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്നും വീണ് പരുക്കേറ്റ ഉമാ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരും. അപകടനില പൂര്‍ണമായും തരണം ചെയ്‌തെന്ന് പറയാനായിട്ടില്ലെന്നും ശ്വാസകോശത്തിലെ ചതവ് കൂടിയിട്ടുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.

കൂടുതല്‍ ദിവസം വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നത്. ശ്വാസകോശത്തിന്റെ ചതവ് പരിഹരിക്കാന്‍ ആന്റിബയോട്ടിക് ചികിത്സ നല്‍കുമെന്നും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം തലയിലെ പരിക്ക് കൂടുതല്‍ ഗുരുതരമല്ലെന്നും വയറിന്റെ സ്‌കാനില്‍ കൂടുതല്‍ പ്രശ്‌നങ്ങളില്ലെന്നും ഇന്ന് രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.