
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് മക്കള്‍ക്കിടയില്‍ തര്‍ക്കം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറരുതെന്നാണ് മകള്‍ ആശാ ലോറന്‍സിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ആശ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നുമാണ് ഹര്‍ജിയിലുള്ളത്.
എന്നാല്‍, പിതാവിന്റെ ആഗ്രഹപ്രകാരമാണ് മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന് മകന്‍ സജീവ് വ്യക്തമാക്കി. ബിജെപി ആര്‍.എസ്.എസിലെ ചിലര്‍ ആശയെക്കൊണ്ട്
പറയിപ്പിക്കുന്നതാണ് ഈ വിവാദങ്ങളെല്ലാമെന്നും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ആശ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ അവരുടെ സാന്നിധ്യം വ്യക്തമാക്കുന്നതാണെന്നും സജീവ് അഭിപ്രായപ്പെട്ടു.
ലോറന്‍സിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാലു മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് സിപിഎം നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം എല്ലാ മക്കളുടേയും അഭിപ്രായം അറിഞ്ഞ ശേഷം എടുക്കേണ്ടതായിരുന്നു എന്നാണ് മകളുടെ ഭാഗം. ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശ ലോറന്‍സ് ചൂണ്ടിക്കാട്ടുന്നു.
മൃതദേഹം ഇപ്പോള്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ എം.എം.ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.











