മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ് ( 94) അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീര്‍ഘകാലം സിപിഎമ്മിന്റെ അനിഷേധ്യനായ നേതാവായിരുന്നു ലോറന്‍സ്.

19ആം വയസില്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളും ജയില്‍വാസവും ട്രേഡ് യൂണിയന്‍ രംഗത്തെ അറിവും പരിചയവുമാണ് എം എം ലോറന്‍സ് എന്ന തൊഴിലാളി നേതാവിനെ പാകപ്പെടുത്തി എടുത്തത്.

വി എസ് അച്യുതാനന്ദന്റെ വിമര്‍ശകന്‍ എന്ന നിലയ്ക്കും ശ്രദ്ധേയനായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതംകൊണ്ട് പലപ്പോഴും പാര്‍ട്ടി നേതൃത്വത്തിന് ലോറന്‍സ് അനഭിമതനായി മാറി.

1946-ല്‍ പതിനേഴാം വയസിലാണ് ലോറന്‍സ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് എറണാകുളത്ത് തൊഴിലാളി വര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുത്തതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് അദ്ദേഹം.

MM Lorence passed Away

More Stories from this section

family-dental
witywide