മോഡല്‍ താന്യ സിങ്ങിന്റെ മരണം : ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മയെ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: സൂറത്തിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 28 കാരിയായ മോഡല്‍ താന്യ സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. ഐപിഎല്‍ ക്രിക്കറ്റ് താരമായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം.

അഭിഷേകുമായി താന്യക്ക് ബന്ധമുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ദുരൂഹമായ കേസിന് തുമ്പുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യാഗസ്ഥര്‍.

താന്യ സിങ്ങും സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മ്മയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വിആര്‍ മല്‍ഹോത്ര ബുധനാഴ്ച പറഞ്ഞു. മരിച്ച മോഡല്‍ അഭിഷേകിന് വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശം പോലീസ് കണ്ടെത്തിയിരുന്നു.

പോലീസ് ഇതുവരെ അഭിഷേക് ശര്‍മ്മയെ ബന്ധപ്പെട്ടിട്ടില്ലെങ്കിലും കൂടുതല്‍ വ്യക്തതയ്ക്കായി ഒരു നോട്ടീസ് അയയ്ക്കാന്‍ പദ്ധതിയിടുന്നു. ഉത്തരം ലഭിക്കാത്ത സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളും അവരുടെ സൗഹൃദത്തിന്റെ സ്വഭാവവും നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ കേന്ദ്രമായി തുടരുന്നു.

ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച്, അഭിഷേക് ശര്‍മ്മ താന്യയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്നും സോഷ്യല്‍ മീഡിയയിലെ അവരുടെ സന്ദേശങ്ങളോട് പ്രതികരിച്ചിരുന്നില്ലെന്നുമാണ് വിവരം.

ഒരു ഓള്‍റൗണ്ടറായ അഭിഷേക് ശര്‍മ്മ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന താരമാണ്.

തിങ്കളാഴ്ച രാവിലെ താന്യയുടെ പിതാവ് ഭന്‍വര്‍ സിംഗ് മകളെ വിളിച്ചുണര്‍ത്താന്‍ പോയപ്പോഴാണ് തന്യ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന 28 കാരിയായ മോഡലും ഫാഷന്‍ ഡിസൈനറുമായ താന്യക്ക് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിരവധി ആരാധകരുണ്ടായിരുന്നു. താന്യയുടെ മരണം ഏവരേയും ഞെട്ടിച്ചിരുന്നു.