
ലഖ്‌നൗ: തനിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മക്കളില്ലെന്നും രാജ്യത്തെ ജനങ്ങളുടെ മക്കൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും അവരുടേയും മക്കളുടേയും ഭാവിക്കുവേണ്ടിയാണ് മത്സരിക്കുന്നത്. കുടുംബത്തിന്റേയും വോട്ടുബാങ്കുളുടേയും ക്ഷേമത്തിനായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മോദിയും യോഗിയും നിങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2019-ല്‍ താന്‍ വീണ്ടും പ്രധാനമന്ത്രിയാവുമെന്ന് സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് പ്രവചിച്ചിരുന്നു, തനിക്കുള്ള മുലായത്തിന്റെ ആശീര്‍വാദമായിരുന്നു അത്. സമാജ്‌വാദി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റേയും മുദ്രാവാക്യങ്ങള്‍ നുണകളാണെന്നും അവരുടെ ഉദ്ദേശങ്ങള്‍ നല്ലതല്ലെന്നും മോദി കുറ്റപ്പെടുത്തി. എസ്.പിയുടേയും കോണ്‍ഗ്രസിന്റേയും യുവരാജാക്കന്മാരുടെ നിലനില്‍പ്പിന് പ്രീണനരാഷ്ട്രീയം അത്യന്താപേക്ഷിതമായെന്ന് മോദി ആരോപിച്ചു. വിവേചനമില്ലാതെ മുസ്ലിങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും അവരെ കരുക്കളാക്കുകയാണെന്നും മോദി ആരോപിച്ചു.
Modi and Yogi work for your children, we have no children, says PM Modi