
കൊല്‍ക്കത്ത: ഇനിയും പുകഞ്ഞടങ്ങാത്ത സന്ദേശ്ഖാലി വിഷയത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദേശ്ഖാലിയുടെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി സ്ത്രീകളോട് വോട്ടുകൊണ്ട് ‘പ്രതികാരം’ ചെയ്യാന്‍ ആവശ്യപ്പെട്ടു.
സന്ദേശ്ഖാലിയില്‍ നിന്ന് ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ ആരോപണങ്ങളില്‍ രാജ്യം മുഴുവന്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളിലെ സ്ത്രീകള്‍ ദുഃഖിതരും രോഷാകുലരുമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ജനങ്ങള്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് വോട്ട് കൊണ്ട് പ്രതികാരം ചെയ്യണമെന്നും ഹൂഗ്ലി ജില്ലയിലെ ആരംബാഗ് ഏരിയയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി.
സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞാല്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ രാജാറാം മോഹന്‍ റോയിയുടെ ആത്മാവ് കരയുമെന്നും രാജ്യം മുഴുവന്‍ രോഷാകുലരാണെന്നും സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ഇവിടുത്തെ സ്ത്രീകളുടെ ബഹുമാനത്തിനും മാന്യതയ്ക്കും വേണ്ടി പോരാടിയെന്നും ഇതിന്റെ ഫലമായാണ് പോലീസിന് ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യേണ്ടിവന്നതെന്നും മോദി പറഞ്ഞു. സന്ദേശ് ഖാലി വിഷയത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മൗനത്തിലാണെന്നും മോദി വിമര്‍ശനം ഉന്നയിച്ചു.
ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന തൃണമൂല്‍ എംപി ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തത് അധികാരികളില്‍ ബിജെപി ചെലുത്തിയ സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സന്ദേശ്ഖാലി വിഷയത്തില്‍ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ മൗനത്തെ മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങുകളോടാണ് പ്രധാനമന്ത്രി താരതമ്യപ്പെടുത്തിയത്.