വാരാണസിയില്‍ മൂന്നാം ഊഴത്തിനായി മോദി; ഇന്ന് പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്നും മൂന്നാം തവണയും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വീണ്ടും അധികാരത്തില്‍ വന്നാല്‍ നഗരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മോദി 6 കിലോമീറ്റര്‍ റോഡ്‌ഷോ ഇന്നലെ നടത്തിയിരുന്നു.

‘ഞാന്‍ വികാരാധീനനും വികാരഭരിതനുമാണ്! നിങ്ങളുടെ വാത്സല്യത്തിന്റെ തണലില്‍ 10 വര്‍ഷം കടന്നുപോയതെങ്ങനെയെന്ന് എനിക്ക് പോലും മനസ്സിലായില്ല. മാ ഗംഗ എന്നെ വിളിച്ചെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആജ് മാ ഗംഗാ നീ മുജെ ഗോഡ് ലെ ലിയ ഹൈ (ഇന്ന് മാ ഗംഗ എന്നെ ദത്തെടുത്തു),’ അദ്ദേഹം എക്‌സില്‍ എഴുതി.

2014ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദി ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ വാരാണസിയില്‍ മത്സരിച്ച് ചരിത്രപരമായ വിജയമാണ് നേടിയത്. 3 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു മോദിയുടെ ഉജ്ജ്വല വിജയം. പിന്നീട് വാരാണസിയുടെ ബിജെപി കോട്ടയെ ഉറപ്പിച്ചുനിര്‍ത്തിയ മോദി മൂന്നാം അങ്കത്തിനിറങ്ങുകയാണ്. അഞ്ച് അസംബ്ലി സീറ്റുകള്‍ ഉള്‍പ്പെടുന്ന വാരണാസി വര്‍ഷങ്ങളായി ബിജെപിയും കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്ന പോര്‍ക്കളമാണ്.

വാരാണസി സീറ്റ് സമാജ്വാദി പാര്‍ട്ടിയോ ബഹുജന്‍ സമാജ് പാര്‍ട്ടിയോ ഒരിക്കലും നേടിയിട്ടില്ല. 1957 മുതല്‍, 1991 മുതല്‍ ഏഴ് തവണ സീറ്റ് നേടി ബിജെപിയും ആറ് തവണ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസും വാരാണസിയുടെ കരുത്തറിഞ്ഞിട്ടുണ്ട്.

2014ലെ പ്രധാനമന്ത്രി മോദിയുടെ ഉജ്ജ്വലമായ വിജയവും 2019-ലെ അതിലും ശക്തമായ വിജയവും വാരാണസിയെ ബിജെപിയുടെ ഉരുക്കുകോട്ടയാക്കി. പത്രിക സമര്‍പ്പിക്കാന്‍ എത്തുന്ന മോദിയെ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അനുഗമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരാണസിയില്‍ വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിയും തമ്മിലുള്ള മത്സരത്തിനാണ് വാരാണസി വേദിയാകുക. മൂന്നാം തവണയും അജയ് റായി പ്രധാനമന്ത്രിയെ നേരിടും.

More Stories from this section

family-dental
witywide