
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ജമ്മുകശ്മീരിലെ ശ്രീനഗറില്‍ എത്തും. ഒരു പൊതുപരിപാടിയില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയും 6,400 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ അനാച്ഛാദനം ചെയ്യുകയും ചെയ്യും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകളും സിസിടിവി ക്യാമറകളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രി എത്തുന്ന വേദിക്ക് ചുറ്റുമുള്ള രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സുരക്ഷാ സേനയുടെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഝലം നദിയിലും ദാല്‍ തടാകത്തിലും സുരക്ഷയുടെ ഭാഗമായി മറൈന്‍ കമാന്‍ഡോകളെയും വിന്യസിച്ചിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമെന്ന നിലയില്‍ മോദിയുടെ ഇന്നത്തെ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്നത്തെ മോദിയുടെ സന്ദര്‍ശനവും കശ്മീരിനോട് മോദി എന്തു പറയുന്നുവെന്നതും പ്രധാനമാണ്.
വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ജമ്മു കശ്മീരില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട 1,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി മോദി നിയമന കത്ത് വിതരണം ചെയ്യും. കൂടാതെ വനിതകള്‍, കര്‍ഷകര്‍, സംരംഭകര്‍ എന്നിവരുള്‍പ്പെടെ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും വികസിപ്പിക്കുന്ന 43 പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ, ‘ദേഖോ അപ്നാ ദേശ് പീപ്പിള്‍സ് ചോയ്സ് 2024” എന്ന പേരില്‍ രാജ്യവ്യാപകമായ പദ്ധതിക്കും ഇന്ന് തുടക്കമാകും.
ശ്രീനഗറില്‍, പ്രധാനമന്ത്രി കടന്നുപോകുന്ന വഴിയിലുള്ള നിരവധി സ്‌കൂളുകള്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. മാത്രമല്ല, വ്യാഴാഴ്ച നടത്താനിരുന്ന ബോര്‍ഡ് പരീക്ഷകള്‍ അടുത്ത മാസത്തേക്ക് മാറ്റിവച്ചിട്ടുമുണ്ട്.