
പത്തനംതിട്ട: എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ട ജില്ലയിലെത്തും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രധാന മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണയോഗമാണിത്. രാവിലെ 10.30ന് ഇവിടെയെത്തുന്ന മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. പരിപാടിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, പാര്‍ട്ടിയുടെ കേരളാ ഇന്‍ചാര്‍ജ് പ്രകാശ് ജാവദേക്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ സൂരജ് എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും.
എന്‍ഡിഎയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥികളായ വി. മുരളീധരന്‍ (ആറ്റിങ്ങല്‍), അനില്‍ കെ. ആന്റണി (പത്തനംതിട്ട), ശോഭാ സുരേന്ദ്രന്‍ (ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര) എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇവരെ കൂടാതെ കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളും സംസ്ഥാന, പ്രാദേശിക പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെയും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകളും സമാന ഉപകരണങ്ങളും പറത്തുന്നതിന് പോലീസ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകള്‍, റിമോട്ട് നിയന്ത്രിത മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, എയറോമോഡലുകള്‍, പാരാഗ്ലൈഡറുകള്‍, പാരാമോട്ടറുകള്‍, ഹാംഗ് ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍, പട്ടങ്ങള്‍, മറ്റ് സമാന ഉപകരണങ്ങള്‍ എന്നിവ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി 10 മണി വരെ ഉപയോഗിക്കുന്നത് നിരോധിച്ച് അറിയിപ്പ് എത്തിയിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി മാര്‍ച്ച് 17ന് പത്തനംതിട്ടയിലും 15ന് പാലക്കാടും മോദി സന്ദര്‍ശനം നടത്തുമെന്ന് നേരത്തെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പദ്ധതി മാറ്റുകയായിരുന്നു. മാര്‍ച്ച് 19 ന് പ്രധാനമന്ത്രി പാലക്കാട് സന്ദര്‍ശനം നടത്തുമെന്നും അവിടെ റോഡ്‌ഷോ നടത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
Modi in Pathanamthitta today for Anil Antony, heavy security