
റിയോ ഡി ജനീറോ: ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തി. ഹരിത ഊര്‍ജം, സുരക്ഷ, നവീകരണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ ഇരുവരും ചര്‍ച്ചനടത്തി.
‘റിയോ ഡി ജനീറോയില്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി അങ്ങേയറ്റം ഫലപ്രദമായ കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യുകെയുമായുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് വളരെയധികം മുന്‍ഗണനയുണ്ടെന്നും സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് എക്സ്-ലെ ഒരു പോസ്റ്റില്‍ മോദി കുറിച്ചു. വ്യാപാരത്തിനും സാംസ്‌കാരിക ബന്ധത്തിനും ശക്തി പകരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നൈജീരിയയിലെ രണ്ട് ദിവസത്തെ പര്യടനം അവസാനിപ്പിച്ച് ഞായറാഴ്ചയാണ് മോദി റിയോ ഡി ജനീറോയിലെത്തിയത്. ഉച്ചകോടിക്കിടെ മോദി ഇറ്റലി, ഇന്തോനേഷ്യ, നോര്‍വേ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ബഹിരാകാശം, ഊര്‍ജം, എഐ തുടങ്ങിയ മേഖലകളില്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.