
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് ഹില്‍പ ഷെട്ടി എഴുതിയ കത്ത് ചര്‍ച്ചയാകുന്നു. ബിജെപി മഹാരാഷ്ട്രയുടെ എക്സ് അക്കൊണ്ടില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ ശില്‍പ ഷെട്ടി ഹിന്ദിയില്‍ എഴുതിയ കത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാമക്ഷേത്രത്തിന്റെ പേരില്‍ പ്രധാനമന്ത്രി മോദി ചരിത്രം സൃഷ്ടിക്കുകയാണെന്ന് ശില്‍പ കത്തില്‍ പറഞ്ഞു. ക്ഷേത്രം തുറന്നതിന് നന്ദി പറയുകയും താന്‍ എന്നും ക്ഷേത്രവുമായി സഹകരിക്കുമെന്നും അവര്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.
ചിലര്‍ ചരിത്രം വായിക്കുകയും മറ്റുള്ളവര്‍ അതില്‍ നിന്ന് പഠിക്കുകയും ചെയ്യുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള വ്യക്തികള്‍ക്ക് അത് പുനര്‍നിര്‍മ്മിക്കാനുള്ള അസാധാരണമായ കഴിവുണ്ടെന്നും രാമജന്മഭൂമിയുടെ 500 വര്‍ഷത്തെ ചരിത്രമാണ് താങ്കള്‍ തിരുത്തിയെഴുതിയതെന്നും കത്തില്‍ പറയുന്നു. ഇതിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും ഈ മഹത്തായ നേട്ടം കൈവരിച്ചതിന് നിങ്ങളുടെ പേര് ഭഗവാന്‍ ശ്രീരാമനുമായി എക്കാലവും ചേര്‍ന്നിരിക്കുമെന്നും ശില്‍പ കത്തില്‍ എഴുതി.
‘പ്രശസ്ത നടി ശില്‍പ ഷെട്ടി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു’ എന്ന അടിക്കുറിപ്പോടെയാണ് കത്ത് എക്സില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ശ്രീരാമന്‍ 5 നൂറ്റാണ്ട് വനവാസത്തിലായിരുന്നു. ഒടുവില്‍ ആ പ്രവാസം അവസാനിച്ചു. അതും മോദിജിയുടെ ശ്രമഫലമായി.. ശില്‍പ ജി ഇതിന് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു’ എന്നും എക്‌സിലെ പോസ്റ്റില്‍ ഉണ്ട്.