സിഎഎ പുറത്തെടുത്തത് മോദിയുടെ കപ്പൽ മുങ്ങാൻ തുടങ്ങിയപ്പോൾ: എം.കെ. സ്റ്റാലിൻ

ചെന്നൈ: ഇത്രയും കാലം മരവിപ്പിച്ചു നിർത്തിയ പൗരത്വ ഭേദഗതി നിയമത്തെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ മുങ്ങുന്ന കപ്പലിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ. ബിജെപി സർക്കാർ പൗരത്വ നിയമത്തെ ആയുധമാക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.

രാഷ്ട്രീയ ലാഭത്തിനു വേണ്ടി കേന്ദ്രസർക്കാർ മതവികാരത്തെ ചൂഷണം ചെയ്യുകയാണെന്നും ഈ തെറ്റിന് ഇന്ത്യൻ ജനത ക്ഷമിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ഭേദഗതി ചെയ്ത നിയമം നടപ്പാക്കുന്നതിലൂടെ പൗരത്വത്തെ മനുഷ്യത്വത്തിന്‍റെ അടയാളത്തിന് പകരം വിവേചനത്തിനുള്ള ഉപാധിയാക്കി മാറ്റി. മുസ്ലിംകളെയും ശ്രീലങ്കൻ തമിഴരെയും വഞ്ചിക്കുന്നതിലൂടെ ഭിന്നിപ്പിന്‍റെ വിത്താണ് പാകിയിരിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.

രാജ്യത്തിന്‍റെ പല ഭാഗത്തും നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം നടക്കാന്‍ സാധ്യതയുള്ള ഷഹീൻബാ​ഗ് ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്ര സേനയും പോലീസും ഇന്ന് ഫ്ലാ​ഗ് മാർച്ച് നടത്താനാണ് തീരുമാനം. ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അസമില്‍ യുണൈറ്റഡ് അസം ഫോറം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.