
ശ്രീനഗര്‍: തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിയുടെ ദ്വിദിന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ പൊലീസ് ശ്രീനഗറില്‍ സുരക്ഷ അതിശക്തമാക്കി. വിവിധ തലങ്ങളിലുള്ള സുരക്ഷാ കവചമാണ് ഒരുക്കിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രി മോദി വ്യാഴാഴ്ച ശ്രീനഗറിലെത്തും, വൈകുന്നേരം 6 മണിക്ക് അവിടെയുള്ള ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ (എസ്‌കെഐസിസി) നടക്കുന്ന ‘യുവാക്കളെ ശാക്തീകരിക്കുക, ജമ്മു കശ്മീരിനെ മാറ്റുക’ എന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ജമ്മുകശ്മീരില്‍ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. കാര്‍ഷിക, അനുബന്ധ മേഖലകള്‍ക്കായുള്ള പദ്ധതിയും വ്യാഴാഴ്ച അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സുരക്ഷാ പ്രോട്ടോക്കോളുകള്‍ അനുസരിച്ച്, ഇവിടെ അതീവ ജാഗ്രതയുള്ള സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐജിപി കശ്മീര്‍ സോണ്‍ വിധി കുമാര്‍ ബിര്‍ഡി പറഞ്ഞു. മാത്രമല്ല, ഡ്രോണുകളുടെയും ക്വാഡ്കോപ്റ്ററുകളുടെയും പ്രവര്‍ത്തനത്തിനായി നഗരത്തെ ‘താത്കാലിക റെഡ് സോണ്‍’ ആയി പ്രഖ്യാപിച്ച് ശ്രീനഗര്‍ പൊലീസ് ചൊവ്വാഴ്ച ഉത്തരവിറക്കിയിരുന്നു.
നാളെ ശ്രീനഗറിലെ എസ്‌കെഐസിസിയില്‍ നടക്കുന്ന പത്താമത് അന്താരാഷ്ട്ര യോഗാ ദിന പരിപാടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും. 9000 പേര്‍ പങ്കെടുക്കുന്ന പരിപാടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.















