കാനഡയിൽ ‘വാലിബൻ’ നേരത്തേ എത്തും; മോഹൻലാൽ ചിത്രം റിലീസ് ചെയ്യുന്നത് 24ന്

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനും ഒരുദിവസം മുന്നേ കാനഡയിലെ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ ജനുവരി 25ന് ചിത്രമെത്തുമ്പോൾ കാനഡയിൽ 24നാണ് പ്രീമിയർ സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു തെന്നിന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ റിലീസ് ആകും കാനഡയില്‍ നടക്കുക.

ചിത്രത്തിനായി വ്യത്യസ്ത രീതികളിലുള്ള പ്രോമോഷനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ കാർട്ടൂൺ പുസ്തകം അൻപതിനായിരം കുരുന്നുകളിലേക്കു അടുത്ത ദിവസങ്ങളിലായി എത്തിച്ചേരും. വിദേശ രാജ്യങ്ങളില്‍ മികച്ച പ്രൊമോഷൻ പരിപാടികൾ വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കും. 

അതേസമയം, വാലിബന്‍റെ കഥ ഒറ്റ സിനിമയില്‍ തീരുന്നില്ല എന്നതാണ് ഏറ്റവും ഒടുവിലെ വിവരം. ചിത്രത്തിന് രണ്ട് ഭാഗങ്ങള്‍ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്‌. ജോഷി സംവിധാനം ചെയ്യുന്ന റമ്പാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംങ്ങ് പൂർത്തിയാക്കിയതിന് ശേഷം മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുമെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. അത് മലൈക്കോട്ടൈ വാലിബന്റെ രണ്ടാം വരവിനു വേണ്ടിയാണ് എന്നും പ്രചരിക്കുന്നു.

ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.

More Stories from this section

family-dental
witywide