മലയാളിയായ ബംഗാൾ ഗവർണർ ആനന്ദ ബോസിനെതിരെ പീഡന പരാതി; രാജ്ഭവൻ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് ആരോപണം

കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസിനെതിരെ പീഡന പരാതി. രാജ്ഭവൻ ജീവനക്കാരിയാണ് ഗവർണർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഗവർണറെ നേരിൽ കാണാൻ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. സ്ഥിരം നിയമനം നൽകാമെന്നു പറഞ്ഞായിരുന്നു പീഡനമെന്നാണ് റിപ്പോർട്ട്. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ജീവനക്കാരി പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് എം പി സാഗരിക ഘോഷാണ് എക്‌സ് ഹാന്‍ഡിലൂടെ ഇക്കാര്യങ്ങൾ അറിയിച്ചത്.

ദുരനുഭവത്തിന് പിന്നാലെ ജീവനക്കാരി രാഭ്ജവൻ പരിധിയിലുള്ള പൊലീസിലാണ് ആദ്യം വിവരമറിയിച്ചത്. രാജ്ഭവൻ പരിധിയിലെ പൊലീസാണ് ഇവരെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. സംഭവം പുറത്തായതിനു പിന്നാലെ രാജ്ഭവനിലെ സുരക്ഷ ശക്തമാക്കി. പ്രതിഷേധം ഉയരാൻ സാധ്യതയുള്ളതിനാലാണ് രാജ്ഭവൻ്റെ സുരക്ഷ ശക്തമാക്കിയത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ ദ്വിദിന സന്ദർശനത്തിനെത്താനിരിക്കെയാണ് ഗവർണർക്കെതിരെ ആരോപണമുയർന്നിരിക്കുന്നത്. മോദി എത്തുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ കുടുംബ സന്ദർശനം റദ്ദാക്കി ആനന്ദ ബോസ് നേരത്തെ തന്നെ കൊൽക്കത്തയിലേക്കു മടങ്ങിയിരുന്നു. മലയാളിയായ ആനന്ദ ബോസ് 1977 ബാച്ചിൽ കേരള കേഡറിലെ ഐ എ എസ് ഓഫിസറായിരുന്നു. ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജഗദീപ് ധൻക്കറിന് പകരക്കാരനായി 2022 ലാണ് ബോസ് ബംഗാൾ ഗവർണറായി ചുമതലയേറ്റത്. മമത സർക്കാരുമായി പലപ്പോഴും ഏറ്റുമുട്ടി അദ്ദേഹം വിവാദത്തിലായിട്ടുണ്ട്.

molestation allegation against bengal governor cv ananda bose

More Stories from this section

family-dental
witywide