ഗൂഗിളിനെതിരെ നിർണായക വിധിയുമായി യുഎസ് കോടതി; ‘കുത്തക നിലനിർത്താനായി പ്രവർത്തിക്കുന്നു’

വാഷിംഗ്‌ടൺ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിനെതിരെ നിർണായക വിധിയുമായി യുഎസ് കോടതി. ഓണ്‍ലൈൻ സെർച്ചിലും അനുബന്ധ പരസ്യങ്ങളിലും ഗൂഗിള്‍ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിധി. ഓണ്‍ലൈൻ സെർച്ചിന്റെ 90 ശതമാനം നിയന്ത്രണം കൈയടിക്കിയതിന് 2020ലാണ് യുഎസ് ഡിപാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഗൂഗിളിനെതിരെ കേസെടുത്തത്.

എക്‌സ്‌ക്ലൂസീവ് വിതരണ കരാറുകളിലൂടെ സെർച്ചിനും ടെക്‌സ്‌റ്റ് പരസ്യങ്ങൾക്കുമായി ഗൂഗിൾ ഒരു കുത്തക നിലനിർത്തിയെന്ന് ജില്ലാ കോടതി ജഡ്ജി അമിത് മേത്ത കണ്ടെത്തി. സ്മാർട്ട്ഫോണുകളിലും ബ്രൗസറുകളിലും തങ്ങളുടെ സെർച്ച് എഞ്ചിന് മുൻഗണന ലഭിക്കുന്നത് ഉറപ്പാക്കാൻ ഗൂഗിള്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്നാണ് കോടതി പറയുന്നത്.

“സാക്ഷി മൊഴികളും തെളിവുകളും ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്ത ശേഷം, കോടതി ഇനിപ്പറയുന്ന നിഗമനത്തിലെത്തുന്നു: ഗൂഗിൾ ഒരു കുത്തകയാണ്, അതിൻ്റെ കുത്തക നിലനിർത്താനുള്ള ഒന്നായി അത് പ്രവർത്തിച്ചു,” അമിത് മേത്ത 277 പേജുള്ള വിധിയിൽ എഴുതി.

വിധിയെ തുടർന്ന് ഗൂഗിളിനേയും ആല്‍ഫബെറ്റിനേയും കാത്തിരിക്കുന്നത് എന്ത് ശിക്ഷയാണെന്നതില്‍ വ്യക്തതയില്ല. വിധിക്കെതിരെ അപ്പീല്‍ പോകാനാണ് ആല്‍ഫബെറ്റിന്റെ തീരുമാനം.