
ന്യൂഡല്‍ഹി: 2017 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 270 ലധികം കസ്റ്റഡി ബലാത്സംഗ കേസുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ പ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, സായുധ സേനയിലെ അംഗങ്ങള്‍, ജയിലുകള്‍, റിമാന്‍ഡ് ഹോമുകള്‍, കസ്റ്റഡി സ്ഥലങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ എന്നിവരും കുറ്റവാളികളില്‍ ഉള്‍പ്പെടുന്നു.
എന്‍സിആര്‍ബി ഡാറ്റ അനുസരിച്ച്, നിയമ നിര്‍വ്വഹണ സംവിധാനങ്ങളിലെ ബോധവല്‍ക്കരണത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അഭാവമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ പറയുന്നു. 2017 മുതല്‍ രജിസ്റ്റര്‍ ചെയ്ത 275 കസ്റ്റഡി ബലാത്സംഗ കേസുകളില്‍, ഏറ്റവും കൂടുതല്‍ കേസുകള്‍ ഉത്തര്‍പ്രദേശിലാണ്. 92 കേസുകളാണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ളത്. പിന്നിലുള്ളത് മധ്യപ്രദേശാണ്. ഇവിടെ നിന്നും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 43 കേസുകളാണ്.
2017-ല്‍ 89, 2018-ല്‍ 60, 2019-ല്‍ 47, 2020-ല്‍ 29, 2021-ല്‍ 26, 2022-ല്‍ 24 എന്നിങ്ങനെയാണ് 2017 മുതല്‍ 2022 വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം. ആദ്യ വര്‍ഷങ്ങളെ അപേക്ഷിച്ച് തുടര്‍ വര്‍ഷങ്ങളില്‍ ഇത്തരം കേസുകളില്‍ ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ടെന്ന് ഡാറ്റ എടുത്തുകാണിക്കുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 376 (2) പ്രകാരമാണ് കസ്റ്റഡി ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ജയിലര്‍ അല്ലെങ്കില്‍ ഒരു സ്ത്രീയുടെ നിയമാനുസൃത കസ്റ്റഡിയിലുള്ള മറ്റേതെങ്കിലും വ്യക്തി ചെയ്യുന്ന ബലാത്സംഗ കുറ്റവുമായി ബന്ധപ്പെട്ട വകുപ്പാണിത്. ഒരു സ്ത്രീക്കെതിരായ ബലാത്സംഗ കുറ്റം ചെയ്യാന്‍ കുറ്റവാളി അവരുടെ അധികാരസ്ഥാനമോ കസ്റ്റഡിയോ മുതലെടുക്കുന്ന കേസുകള്‍ ഈ വകുപ്പ് പ്രത്യേകമായി കൈകാര്യം ചെയ്യുന്നു.
കസ്റ്റഡി ബലാത്സംഗത്തിന്റെ മൂലകാരണങ്ങളെയും അനന്തരഫലങ്ങളെയും ഫലപ്രദമായി പരിഹരിക്കുന്നതിന് ഇരകളെ കേന്ദ്രീകരിച്ചുള്ള സമീപനം, ശക്തിപ്പെടുത്തിയ നിയമ ചട്ടക്കൂടുകള്‍, സ്ഥാപനപരമായ പരിഷ്‌കാരങ്ങള്‍ എന്നിവയുടെ അടിയന്തര ആവശ്യകതയാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.