
ഫ്ലോറിഡയിൽ അമ്മ അബദ്ധത്തിൽ തന്‍റെ 12 വയസ്സുള്ള മകളെ കാറിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച രാവിലെ മകളെ സരസോട്ട മിഡിൽ സ്കൂളിന് സമീപത്ത് ഇറക്കിയപ്പോഴാണ് നടുക്കുന്ന അപകടം സംഭവിച്ചത്. പെൺകുട്ടി അമ്മയുടെ എസ് യു വിയിൽ നിന്ന് ഇറങ്ങിയപ്പോൾ കൈവശമുണ്ടായിരുന്ന മാർക്കറുകളും പേനകളും താഴെ വീണതാണ് പ്രശ്നമായത്. ഇതെടുക്കാനായി മകൾ കുനിഞ്ഞത് അമ്മ കണ്ടില്ല. കാർ മുന്നോട്ട് എടുത്തതോടെയാണ് അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തിൽ മകൾക്ക് ഗുരുതരമായി പരിക്കേറ്റ ശേഷമാണ് അമ്മ ഇക്കാര്യം അറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഹെലികോപ്റ്റർ വഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇപ്പോഴും കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നാണ് വിവരം.