
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസിന് തിരിച്ചടികള്‍ക്ക് മേല്‍ തിരിച്ചടിയാകുമെന്നും രാഷ്ട്രീയ വിലയിരുത്തലുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ലെന്നും അടിസ്ഥാനരഹിതമാണെന്നും തിവാരിയുടെ ഓഫീസ് ഞായറാഴ്ച പറഞ്ഞു.
മനീഷ് തിവാരിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും പഞ്ചാബിലെ ലുധിയാന ലോക്സഭാ സീറ്റില്‍ ബിജെപിയുടെ ഭാഗമായി മത്സരിക്കാന്‍ പദ്ധതിയുണ്ടെന്നുംമായിരുന്നു അഭ്യൂഹങ്ങള്‍. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി തിവാരിയുടെ ഓഫീസ് തന്നെ എത്തിയത്.
‘അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം തന്റെ മണ്ഡലത്തില്‍ തന്നെയുണ്ടെന്നും അവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നോക്കുകയാണെന്നും ഇന്നലെ രാത്രി അദ്ദേഹം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് താമസിച്ചതെന്നുമടക്കമുള്ള വിശദീകരണങ്ങളാണ് എംപിയുടെ ഓഫീസ് നല്‍കിയിരിക്കുന്നത്.














