ഇന്ത്യയില്‍ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു; നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾക്ക് രോഗം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യത്ത് നിന്ന് എത്തിയയാളിലാണ് രോഗം സ്ഥിരീകരിച്ചത്‌. എംപോക്‌സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് 2 വകഭേദമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

യുവാവ് അടുത്തിടെ ഒരു ആഫ്രിക്കന്‍ രാജ്യം സന്ദര്‍ശിച്ചിരുന്നു. യുവാവ് നിലവില്‍ ഐസോലേഷനിലാണെന്നും നില തൃപ്തികരമാണന്നും മന്ത്രാലയം വ്യക്തമാക്കി.

2022 ജൂലൈ മുതല്‍ ലോകത്ത് 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് സമാനമാണിതെന്നും ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ അടിയന്താരവസ്ഥ ഇതിന് ബാധകമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുള്ളത് ക്ലേഡ് 1 വകഭേദത്തെ സംബന്ധിച്ചാണ്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിക്ക് നിലവില്‍ പ്രശ്‌നങ്ങളില്ല.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കുമാണ് ഈ രോഗം പകരുന്നത്. അണ്ണാൻ, എലി, കുരങ്ങ് എന്നിവ രോഗവാഹകരാവും. ആറ് മുതൽ 13 ദിവസം വരെയാണ് ഇൻക്യുബേഷൻ കാലം. ചിലപ്പോൾ അഞ്ച് മുതൽ 21 ദിവസം വരെയും ആകാം. രണ്ട് മുതൽ നാല് ആഴ്ചവരെ ലക്ഷണങ്ങൾ നീണ്ട് നിൽക്കും. പനി, നടുവേദന, ശക്തമായ തലവേദന, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പനി വന്ന് ദിവസങ്ങൾക്കുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടും. കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചാൽ സങ്കീർണമാവും.