‘ഒരു യാഥാര്‍ഥ്യം പറയണമെന്ന് തോന്നി, ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ നല്ലത്’; എം.ടിയുടെ വിശദീകരണം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെ, നേതൃപൂജയ്‌ക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ എം.ടി.വാസുദേവന്‍ നായരുടെ വിശദീകരണം. സാഹിത്യകാരന്‍ എന്‍.ഇ.സുധീര്‍ തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലാണ് എംടിയുടെ വിശദീകരണം വ്യക്തമാക്കുന്നത്. തന്റെ പരാമര്‍ശം കൊണ്ട് താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എം.ടി വ്യക്തമായി പറഞ്ഞെന്നും അതെന്താണെന്നും സുധീര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

‘ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല . ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്’ എന്നാണ് എം.ടി തന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുന്നത്.

എന്‍.ഇ.സുധീറിന്റെ കുറിപ്പില്‍നിന്ന്:

വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ കെഎല്‍എഫ് ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയാറാക്കി വച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട രാഷ്ട്രീയ വിമര്‍ശനമാവുമെന്നു ഞാനും കരുതിയിരുന്നില്ല. വൈകിട്ടു കണ്ടപ്പോള്‍ ഞങ്ങള്‍ അതെപ്പറ്റി സംസാരിച്ചു. എംടി എന്നോട് പറഞ്ഞത് ഇതാണ്: ”ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ഥ്യം പറയണമെന്നു തോന്നി, പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിനു വഴിയൊരുക്കിയാല്‍ അത്രയും നല്ലത്”. തന്റെ കാലത്തെ രാഷ്ട്രീയ യാഥാര്‍ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോടു കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എം.ടിയുടെ വിമര്‍ശനം. അധികാരം എന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറി. അധികാരം എന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടിയെന്നും എം.ടി വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide