
മാലി: ഞായറാഴ്ച മാലദ്വീപില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചൈന അനുകൂല നേതാവ് മുയിസുവിന്റെ പാര്‍ട്ടിക്ക് വന്‍ വിജയം.
93 അംഗ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, പ്രഖ്യാപിച്ച 86 സീറ്റുകളില്‍ 66 സീറ്റുകളും മുയിസുവിന്റെ പാര്‍ട്ടി നേടിയതായി രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബാക്കിയുള്ള ഏഴ് സീറ്റുകളിലേക്കുള്ള ഫലം ഇനിയും പ്രഖ്യാപിക്കാനിരിക്കെ, മുയിസുവിന്റെ പിഎന്‍സിക്ക് ഇതിനകം ഭൂരിപക്ഷമായ 47 സീറ്റുകളേക്കാള്‍ 19 കൂടുതല്‍ ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും കൂടുതല്‍ നേടിയാണ് പിഎന്‍സിയുടെ വിജയം.
ചൈനയോടുള്ള ചായ്‌വിനും ഇന്ത്യാവിരുദ്ധ കര്‍ശന നിലപാടുകൊണ്ടും അധികാരത്തിലേറിയതുമുതല്‍ ശ്രദ്ധനേടിയ നേതാവാണ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു.
പ്രധാന പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) കേവലം 12 സീറ്റുകളോടെ ദയനീയ പരാജയത്തിലേക്ക് നീങ്ങിയത് ഇന്ത്യക്കും തിരിച്ചടിയായിരിക്കുകയാണ്. 45 കാരനായ മുയിസു, താന്‍ മുമ്പ് മേയറായിരുന്ന തലസ്ഥാനമായ മാലെയിലെ ഒരു സ്‌കൂളില്‍ ഞായറാഴ്ച വോട്ട് രേഖപ്പെടുത്തുകയും മാലിദ്വീപുകാരോട് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ചൈന അനുകൂല നിലപാടുകളെടുക്കുന്ന മുയിസു അധികാരത്തിലെത്തിയത്.