മുകേഷിനെ കസ്റ്റഡിയിൽ വേണം, ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടും; പൊലീസ് കോടതിയിലേക്ക്

കൊച്ചി: നടിയുടെ പീഡനാരോപണത്തില്‍ കുടങ്ങിയ നടന്‍ മുകേഷിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. മുകേഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് നാളെ സത്യവാങ്മൂലം നല്‍കും. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടും.

ബലാത്സംഗക്കുറ്റമാണ് മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. കെപിസിസിയുടെ മുന്‍ ലീഗല്‍ സെല്‍ ചെയര്‍മാന്‍ ചന്ദ്രശേഖരനും ജാമ്യം നല്‍കരുതെന്ന സത്യവാങ്മൂലം നല്‍കാനുള്ള നീക്കത്തിലാണ് പൊലീസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്.

ഇന്നലെ മുകേഷിന്റെ മരടിലെ വീട്ടിൽ നടിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖിനെതിരായ പരാതിയിലും ആരോപണം ഉന്നയിച്ച നടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.