
ന്യൂഡല്‍ഹി: മുംബൈയില്‍ ശക്തമായ കാറ്റിലും മഴയിലും പരസ്യബോര്‍ഡ് തകര്‍ന്നുവീണ് ഉണ്ടായ അതി ദാരുണമായ അപകടത്തില്‍ മരണസംഖ്യ 12 ലേക്ക് കുതിച്ചുയര്‍ന്നു. 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പെട്രോള്‍ പമ്പിന് എതിര്‍വശത്തായിരുന്ന പരസ്യബോര്‍ഡ് പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പെട്രോള്‍ പമ്പിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ആ സമയത്ത് ഇന്ധനം നിറയ്ക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം, പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ പരസ്യ ഏജന്‍സിക്ക് അനുമതിയുണ്ടായിരുന്നോയെന്ന് നഗരസഭാധികൃതര്‍ പരിശോധിക്കുന്നുണ്ട്. ബില്‍ബോര്‍ഡിന്റെ മെറ്റല്‍ ഫ്രെയിം വീണ് നിരവധി കാറുകള്‍ തര്‍ന്നിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) സംഘങ്ങള്‍ സ്ഥലത്തുണ്ടെന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോയവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ആളുകളെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കും. മുംബൈയിലെ ഇത്തരം പരസ്യബോര്‍ഡുകളെല്ലാം പരിശോധിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.