മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സ്വപ്നം പൊലിഞ്ഞു, കൊൽക്കത്തയോട് തോറ്റ് പുറത്തേക്ക്

മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും തോറ്റതോടെ മുംബൈ ഇന്ത്യൻസിന്റെ ഐപിഎല്ലിലെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കുന്നു. മിച്ചൽ സ്റ്റാർക്ക്, വരുൺ ചക്രവർത്തി, സുനിൻ നരെയ്ൻ എന്നിവരടങ്ങിയ ബോളിങ് നിരയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 24 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചത്. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റു ചെയ്ത മുംബൈയുടെ ഇന്നിങ്സ് 18.5 ഓവറിൽ 145 റൺസിൽ അവസാനിച്ചു. അർധസെഞ്ചറി നേടിയ സൂര്യകുമാർ യാദവ് (35 പന്തിൽ 56) പൊരുതിയെങ്കിലും 24 റൺസ് അകലെ മുംബൈ വീണു. കൊൽക്കത്തയ്ക്കായി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴത്തി. ഐപിഎലിൽ മുംബൈയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. കൊൽക്കത്തയാകട്ടെ പ‌ട്ടികയിൽ രണ്ടാമതെത്തി.

മറുപടി ബാറ്റിങ്ങിൽ, തുടക്കത്തിൽ തന്നെ മുംബൈയുടെ മുൻനിര വീണു. ഇഷാൻ കിഷൻ (7 പന്തിൽ 13), രോഹിത് ശർമ (12 പന്തിൽ 11), നമൻ ധിർ (11 പന്തിൽ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ആറ് ഓവറിനുള്ളിൽ വീണത്. പിന്നാലെയെത്തിയ തിലകും (6 പന്തിൽ 4) പുറത്തായി.

ഒരുവശത്ത് സൂര്യകുമാർ നിന്നു പൊരുതിയപ്പോൾ മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. 16–ാം ഓവറിൽ സൂര്യ വീണതോടെ ആദ്യ പ്രതീക്ഷയും അസ്തമിച്ചു. നേഹൽ വധേര (11 പന്തിൽ 6), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (3 പന്തിൽ 1), ജെറാൾഡ് കോട്ട്സെ (6 പന്തിൽ 8), പീയുഷ് ചൗള (പൂജ്യം) എന്നിവർക്കാർക്കും തിളങ്ങാനായില്ല. ടിം ഡേവിഡ് (20 പന്തിൽ 24) മാത്രമാണ് അൽപമെങ്കിലും പ്രതീക്ഷ നൽകിയത്. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 19.5 ഓവറിൽ 169 റൺസിന് ഓൾ ഔട്ടായി.

വെങ്കടേഷ് അയ്യർ (52 പന്തിൽ 70), മനീഷ് പാണ്ഡേ (31 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇമൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ നുവാൻ തുഷാര, ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഒരു വിക്കറ്റ് വീഴ്ത്തിയ പീയൂഷ് ചൗള എന്നിവരടങ്ങിയ മുംബൈ ബോളിങ് നിരയാണ് കൊൽക്കത്ത ഇന്നിങ്സിന്റെ നട്ടെല്ലൊടിച്ചത്.

Mumbai Indians loses by 24 runs against KKR

More Stories from this section

family-dental
witywide