
ആലപ്പുഴ: കടക്കെണിയിലായതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ചെറിയ സാമ്പത്തിക സഹായം നല്‍കി അജ്ഞാതന്‍. പേരുവെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത വ്യക്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനമാണിതെന്ന് അറിയിച്ചുകൊണ്ടാണ് പണം നല്‍കിയത്. പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെയാണ് അജ്ഞാതന്‍ കുടിശിക അടയ്ക്കാനുള്ള തുക നല്‍കിയത്. മുംബൈ മലയാളിയാണ് പണം നല്‍കിയത്.
പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍നിന്നെടുത്ത വായ്പ കുടിശികയായതിന്റെ അടിസ്ഥാനത്തിലാണു ജപ്തി നോട്ടീസ് അയച്ചത്. പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത വ്യക്തി ജപ്തി ഒഴിവാക്കുന്നതിനായി 17,600 രൂപയാണ് നല്‍കിയതെന്നും സഹായിച്ചയാളോട് ഏറെ നന്ദിയുണ്ടെന്നും പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു.
രണ്ടുമാസമായി പലരുടെയും സഹായം കൊണ്ടാണ് കഴിയുന്നതെന്നും ചെറിയകടങ്ങളൊക്കെ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്നും പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു. ‘ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ആരും ഇതുവരെ ഒരുസഹായവും നല്‍കിയില്ല. മന്ത്രി പി. പ്രസാദ് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കാമെന്നു പറഞ്ഞു. സ്വയം മുന്‍കൈയെടുത്തും ഒരു സഹായവും നല്‍കിയില്ല. കലക്ടറേറ്റില്‍നിന്നു യാതൊരു സഹായവും ലഭിച്ചില്ല. അഞ്ച് ലക്ഷത്തോളം രൂപയുടെ കടമുണ്ട്’ ഓമന പറഞ്ഞു.
അതേസമയം മന്ത്രി കെ രാധാകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്ന് എസ്സി-എസ്ടി കമ്മിഷന്‍ പ്രസാദിന്റെ കുടുംബത്തിനയച്ച ജപ്തി നോട്ടിസ് മരവിപ്പിച്ചിരുന്നു.
കുടുംബത്തിന്റെ സാഹചര്യങ്ങള്‍ മനസിലാക്കാതെ ഉദ്യോഗസ്ഥര്‍ നോട്ടീസയച്ചതില്‍ കോര്‍പറേഷന്‍ എംഡിയോട് മന്ത്രി അടിയന്തിര റിപ്പോര്‍ട്ട് തേടിയിരുന്നു. എസ് സി എസ്ടി വികസന കോര്‍പറേഷന്‍ നല്‍കിയ വായ്പ പരമാവധി ഇളവുകള്‍ നല്‍കി തീര്‍പ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.