26/11/2008 മുംബൈ ഭീകരാക്രമണ കേസിലെ പ്രതി, തഹാവുർ റാണയെ അമേരിക്ക ഇന്ത്യക്ക് കൈമാറും, അനുമതി നൽകി കോടതി

വാഷിംഗ്ടണ്‍: 2008 മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. കുറ്റവാളികളെ പരസ്പരം കൈമാറുന്നതിന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉടമ്പടി പ്രകാരം തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കന്‍ കോടതി അനുമതി നല്‍കി. തഹാവൂര്‍ റാണ സമര്‍പ്പിച്ച അപ്പീലില്‍ കീഴ്‌ക്കോടതി വിധി അംഗീകരിച്ച് കൊണ്ടാണ് യുഎസ് അപ്പീല്‍ കോടതി വിധി.

തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുവദിച്ച് കൊണ്ടുള്ള മജിസ്‌ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്ത് തഹാവൂര്‍ റാണ കാലിഫോര്‍ണിയയിലെ ജില്ലാ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇത് നിരസിച്ച ജില്ലാ കോടതി വിധി അംഗീകരിച്ച് കൊണ്ടാണ് യുഎസ് അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെ പാനല്‍ തഹാവൂര്‍ റാണയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ ഇയാളുടെ പങ്കാളിത്തം ആരോപിച്ചാണ് ഇന്ത്യ അമേരിക്കയെ സമീപിച്ചത്. ഭീകരാക്രമണക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി തഹാവൂര്‍ റാണയെ കൈമാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്.

റാണയ്ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കൈമാറല്‍ ഉടമ്പടിയുടെ നിബന്ധനകള്‍ക്കുള്ളില്‍ വരുന്നതാണെന്ന് പാനല്‍ വിലയിരുത്തി. റാണയെ അമേരിക്കയില്‍ കുറ്റവിമുക്തനാക്കിയ കുറ്റകൃത്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഘടകങ്ങള്‍ ഇന്ത്യന്‍ ആരോപണങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്ന് നിരീക്ഷിച്ച് കൊണ്ടാണ് യുഎസ് അപ്പീല്‍ കോടതി വിധി.

More Stories from this section

family-dental
witywide