വിദർഭയെ കീഴടക്കി മുംബൈ, രഞ്ജി ട്രോഫിയിൽ 42 -ാം കിരീടം; വാഡ്കറുടെ സെഞ്ചുറി പോരാട്ടം വിഫലം

മുംബൈ: രഞ്ജി ട്രോഫിയിൽ ഒരിക്കൽക്കൂടി മുംബൈയുടെ മുത്തം. കലാശപ്പോരാട്ടത്തിൽ വിദര്‍ഭയെ 169 റണ്‍സിന് കീഴടക്കിയാണ് മുംബൈ 42 -ാം കിരീടനേട്ടം ആഘോഷിച്ചത്. മുംബൈ ഉയർത്തി 538 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വിദര്‍ഭ 368 റണ്‍സിന് ഓള്‍ ഔട്ടായി. അവസാന ദിവസം അക്ഷയ് വാഡ്കർ സെഞ്ചുറിയും ഹര്‍ഷ് ദുബെ അര്‍ധസെഞ്ചുറിയും നേടി കരുത്തുകാട്ടിയെങ്കിലും മുംബൈയെ വീഴ്ത്താൻ അതുമതിയായില്ല. സ്കോര്‍ മുംബൈ 224, 418, വിദര്‍ഭ 105, 368.

രഞ്ജിയില്‍ എട്ട് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മുംബൈ വീണ്ടും കിരീടമുയർത്തിയത്. 2015 – 2016 സീസണില്‍ സൗരാഷ്ട്രയെ തോല്‍പ്പിച്ച് കിരീടം നേടിയശേഷം മുംബൈക്ക് കിരീട വരൾച്ചയായിരുന്നു. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമെന്ന ഖ്യാതി മുംബൈക്ക് സ്വന്തമാണ്. 42 -ാം തവണയാണ് മുംബൈ കിരീടത്തിൽ മുത്തമിട്ടത്. എട്ട് തവണ കിരീടം നേടിയിട്ടുള്ള കര്‍ണാടക ആണ് രണ്ടാമത്.

248-5 എന്ന സ്കോറില്‍ അവസാന ദിവസം ക്രീസിലിറങ്ങിയ വിദര്‍ഭ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമാവാതെ പിടിച്ചു നിന്നതോടെ അപ്രതീക്ഷിത വിജയം നേടുമെന്ന പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. വാഡ്കറുടെ സെഞ്ചുറിയും (102) ദുബെയുടെ അര്‍ധസെഞ്ചുറിയും (65) ആണ് വിദര്‍ഭക്ക് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ലഞ്ചിന് തൊട്ട് പിന്നാലെ വാ‍ഡ്കറെ തനുഷ് കൊടിയാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി വിദര്‍ഭക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തൊട്ട് പിന്നാലെ ദുബെയെ തുഷാര്‍ ദേശ്പാണ്ഡെ ഷംസ് മുലാനിയുടെ കൈകളിലെത്തിച്ചതോടെ വിദര്‍ഭയുടെ പോരാട്ടം അവസാനിച്ചു. വിദര്‍ഭയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ 35 റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. നാലു വിക്കറ്റ് വീഴ്ത്തിയ തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ തുഷാര്‍ ദേശ്പാണ്ഡെയും മുഷീര്‍ ഖാനുമാണ് മുംബൈക്കായി ബൗളിംഗില്‍ തിളങ്ങിയത്.

Mumbai vs Vidarbha Ranji Trophy 2024 Final Scorecard: Mumbai Beat Vidarbha to Win 42nd Ranji Trophy Title

More Stories from this section

family-dental
witywide