‘മുനമ്പം’ തർക്കം വേഗം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു, സമരം തുടരും

മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെയെന്നും കമ്മീഷൻ പ്രധാനമായും പരിശോധിക്കും.

ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രൻ നായരെയാണ് കമ്മീഷനായി നിയോഗിച്ചിട്ടുള്ളത്. ഉന്നതതല യോഗത്തിൽ എല്ലാവശവും പരിശോധിച്ചുവെന്നും കൈവശാവകാശമുള്ള ആരെയും ഒഴിപ്പിക്കില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. നിയമപരമായ വിഷയങ്ങൾ ഉൾപ്പെടെ യോഗത്തിൽ പരിശോധിച്ചു.നാല് പ്രധാന തീരുമാനങ്ങളാണ് യോഗത്തിൽ എടുത്തിട്ടുള്ളത്. അവിടെ താമസിക്കുന്ന കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല. ഇനി ഒരു തീരുമാനമാകും വരെ നോട്ടീസുകൾ ഒന്നും നൽക്കരുതെന്ന് വഖഫിനെ അറിയിച്ചു. അത് അവർ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രിമാരായ കെ രാജൻ, പി രാജീവ്, വി അബ്ദുറഹിമാൻ എന്നിവർ അറിയിച്ചു.

എന്നാൽ സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും സമരം തുടരുമെന്നും മുനമ്പം സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ മുനമ്പത്ത് സമരക്കാര്‍ പ്രതിഷേധിച്ചു. അതിനിടെ മുനമ്പം വഖഫ് ഭൂമി തർക്കം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എൽഡിഎഫ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകൾ ഗുണപരമായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരെയും ഒഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide