
തൃശൂര്‍: കെ മുരളീധരന്റെ തോല്‍വി നല്‍കിയ ആഘാതം ചെറുതായൊന്നുമല്ല തൃശൂരിലെ കോണ്‍ഗ്രസിനെ ബാധിച്ചത്. കൂട്ടത്തില്‍, ബിജെപിയിലേക്ക് ചുവടുമാറ്റിയ സഹോദരി പത്മജ തിരിച്ചടി കിട്ടുമെന്ന് മുരളീധരന് മുന്നറിയിപ്പ് നല്‍കിയെന്നുകൂടി പറഞ്ഞതോടെ എരിതീയില്‍ അത് എണ്ണയായി.
മുരളീധരന്റെ തോല്‍വി സംബന്ധിച്ച് ജില്ലാനേതൃത്വത്തോട് വിശദീകരണം തേടുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുരളീധരന്റെ അഭിപ്രായം അറിഞ്ഞശേഷം നേതാക്കള്‍ക്കതിരായി നടപടിയുമുണ്ടാകും.
അതേസമയം, പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂരും എത്തിയിട്ടുണ്ട്. സുരേഷ് ഗോപിക്കെതിരേ ഉയര്‍ത്തിക്കൊണ്ടു വന്ന ലൂര്‍ദ് പള്ളിയിലെ കിരീടവിവാദവും തേക്കിന്‍കാട്ടിലെ ചാണകവെള്ളം തളിക്കലുമെല്ലാം തിരിച്ചടിയായി. ഇത്തരം പ്രവൃത്തികള്‍ വിലക്കിയിട്ടും തുടര്‍ന്നത് വലിയ തിരിച്ചടിയായി. പോരാത്തതിന് മുരളീധരന് തുടക്കത്തില്‍ കിട്ടിയ ആവേശം പിന്നീട് തുടര്‍ന്നില്ല എന്നു മാത്രമല്ല, ജില്ലയിലെ സംഘടനാസംവിധാനത്തിന് വലിയ ദൗര്‍ബല്യമുണ്ടായതായും വിലയിരുത്തലുണ്ട്.
ബിജെപിക്ക് തൃശൂര്‍ വിട്ടുകൊടുത്തതിന്റെ ഉത്തരവാദിത്വം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍, കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ എന്നിവര്‍ക്കാണെന്നാണ് യൂത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗം പരസ്യമായി ആരോപിച്ചു. ഇരുവര്‍ക്കുമെതിരേ നഗരത്തില്‍ പോസ്റ്ററുകളും വന്നു. പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ലെന്നും ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജി വെക്കണമെന്നുമാണ് പോസ്റ്റര്‍. തൃശൂര്‍ ഡി സി സി ഓഫീസിന്റെ മതിലിലും പരിസരത്തുമാണ് പോസ്റ്റര്‍ പതിച്ചത്. മുരളീധരന്റെ തോല്‍വിയോടെ തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നതയും തര്‍ക്കവുമാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്.
തനിക്ക് വേണ്ടി പ്രചാരണത്തിന് മുതിര്‍ന്നനേതാക്കള്‍ ആരുമെത്തിയില്ലെന്നും സംഘടനാ തലത്തില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നുമാരോപിച്ച് നേരത്തെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മുരളീധരന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും താനടക്കം മുതിര്‍ന്ന നേതാക്കള്‍ മുരളീധരനെ കാണുമെന്നും സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ. മുരളീധരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാമെല്ലാമാണ്. എല്ലാവരും ഒറ്റക്കെട്ടായി മുരളിക്കൊപ്പം നില്‍ക്കുമെന്നും പറഞ്ഞ് അനുനയ ശ്രമങ്ങളും നടക്കുന്നു. ഏറെ ബഹുമാനത്തോടെ കാണുന്ന കെ. കരുണാകരന്റെ മകനെ മറക്കാനോ ത്യജിക്കാനോ സാധിക്കില്ലെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്ര പ്രശ്‌നമില്ലായിരുന്നുവെന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുരളീധരന്‍ പറഞ്ഞിരുന്നു.













