പ്രശസ്ത ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞൻ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞൻ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു. 55 വയസായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും.

പത്മഭൂഷൺ ഉസ്താദ് നിസാർ ഹുസൈൻ ഖാന്റെ ശിക്ഷണത്തിലാണ് റാഷിദ് ഖാൻ ഹിന്ദുസ്‌ഥാനി ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. 1977ൽ പതിനൊന്നാം വയസ്സിൽ ആദ്യമായി സംഗീതപരിപാടി നടത്തി.

ഹിന്ദുസ്ഥാനി സംഗീതത്തിലെ രാംപുർ സഹസ്വാൻ ഖരാന ശൈലിയുടെ പ്രയോക്‌താവായിരുന്നു റാഷിദ് ഖാൻ. രാംപുർ സഹസ്വാൻ ഖരാനയുടെ ഉപജ്‌ഞാതാവായ ഉസ്ത‌ാദ് എനായത്ത് ഹുസൈൻ ഖാന്റെ കൊച്ചുമകനാണ്. ഇന്ത്യയിലെയും വിദേശങ്ങളിലെയും നിരവധി വേദികളിൽ സംഗീത കച്ചേരി അവതരിപ്പിച്ചിട്ടുള്ള റാഷിദ് ഖാന്റെ സംഗീതക്കച്ചേരികൾക്ക് കേരളത്തിലും ആസ്വാദകരേറെയാണ്.