
പെന്‍സില്‍വാനിയ: ട്രംപ് റാലിക്കിടെയുണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തി. ട്രംപ് അനുകൂല സൂപ്പര്‍ പിഎസിക്ക് വന്‍ സംഭാവന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ശതകോടീശ്വരന്‍ ട്രംപിന് തന്റെ പൂര്‍ണ പിന്തുണ അറിയിച്ചിരിക്കുകയാണ്.
ഞാന്‍ മുന്‍ പ്രസിഡന്റ് ട്രംപിനെ പൂര്‍ണ്ണമായും അംഗീകരിക്കുന്നു, അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. മാത്രമല്ല, കൊലപാതക ശ്രമം എന്നു വിളിക്കപ്പെടുന്ന സംഭവം മുന്‍
പ്രസിഡന്റായിരുന്ന തിയോഡോര്‍ റൂസ്വെല്‍റ്റിനുണ്ടായ അനുഭവത്തോട് സാമ്യമുള്ളതാണെന്നും മസ്‌ക് പറഞ്ഞു. 1912 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഒരു കൊലപാതകശ്രമം നേരിട്ട മുന്‍ പ്രസിഡന്റ് തിയോഡോര്‍ റൂസ്വെല്‍റ്റിനെയാണ് ട്രംപിന്റെ സംഭവത്തോട് മസ്‌ക് ചേര്‍ത്തുവെച്ചത്.
ട്രംപിന്റെ സ്റ്റേജിലെ ഒരു ഫോട്ടോയും ടെസ്ല ഉടമ മസ്‌ക് പങ്കിട്ടു. ഒരു കൈകൊണ്ട് ചോരയൊലിക്കുന്ന ചെവിയില്‍ മുറുകെ പിടിക്കുമ്പോള്‍ മറുവശത്ത് മുഷ്ടി ഉയര്‍ത്തി തോറ്റുകൊടുക്കില്ലെന്ന ഭാവമായിരുന്നു ട്രംപിന്.