കേന്ദ്രസർക്കാരിന്‍റെ സുപ്രീം കോടതിയിലെ സത്യവാങ്മൂലം ചൂണ്ടികാട്ടി മുസ്ലിം ലീഗ്, ‘സിഎഎക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും’

മലപ്പുറം: പൗരത്വനിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധമുയർത്തുമെന്ന മുന്നറിയിപ്പുമായി മുസ്ലീം ലീഗ് രംഗത്ത്. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ചൂണ്ടികാട്ടിയാണ് ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയത്. സി എ എ പെട്ടെന്ന് നടപ്പാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. സുപ്രീം കോടതയിൽ പെട്ടെന്ന് നടപ്പിലാക്കില്ലെന്ന് കേന്ദ്രം പറഞ്ഞ കാര്യമാണ് ഇപ്പോൾ തിരക്കിട്ട് നടപ്പിലാക്കുന്നത്. അതിനാല്‍ തന്നെ കേന്ദ്ര വിജ്ഞാപനം സുപ്രീം കോടതിയിൽ നിലനിൽക്കില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. സി എ എ നടപ്പിലാക്കിയാൽ അതിശക്തമായ പ്രക്ഷോഭമുണ്ടാകും. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ പറ്റുമോ എന്ന ശ്രമം ആണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അത് നടക്കില്ലെന്നും സി എ എ വിജ്ഞാപനം തെരഞ്ഞെടുപ്പിൽ കേന്ദ്രസ‍ർക്കാരിനെതിരായ വിധിയെഴുത്തിന് കാരണമാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

muslim league leader sadikali shihab thangal against CAA