‘എക്സ് പോയാല്‍ വൈ വരും’; ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെപ്പറ്റി സിപിഎം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന ആവശ്യത്തെപ്പറ്റി സിപിഎം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരിച്ചുവിളിച്ചു എന്നതു കൊണ്ട് വലിയ ഗുണമൊന്നുമില്ല. എക്സ് പോയി വൈ വരും എന്നു മാത്രം. അത് ഇതിനേക്കാള്‍ മൂത്ത ആര്‍എസ്എസ് തന്നെയാകാനാണ് സാധ്യതയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ ഗവര്‍ണര്‍ ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ ആളുകള്‍, ഗവര്‍ണറെ തിരിച്ചു വിളിക്കുക എന്ന ആവശ്യം ചിന്തിക്കുന്നുണ്ട് എന്നത് സത്യമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ സിപിഎം അതു മുദ്രാവാക്യമായി എടുത്തിട്ടില്ല. ഇനി വേണമെങ്കില്‍ അതേപ്പറ്റി ആലോചിക്കാവുന്നതാണ്. കേന്ദ്രസേന വരുന്നതൊക്കെ ന്യായമായിട്ടുള്ള കാര്യമാണോ? ഇതൊക്കെ ചെയ്യുന്നത് ബിജെപിയുടെ അജണ്ടയാണ്. കേരളത്തില്‍ 356 ഒന്നും നടക്കാന്‍ പോകുന്നില്ല. അതിന് ഫാസിസം വരണം. അത് ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം നമുക്ക് നോക്കാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

എന്തു ചെയ്യാനുള്ള ലൈസന്‍സ് തങ്ങള്‍ക്കുണ്ട് എന്ന നിലപാടാണ് ബിജെപിക്കുള്ളത്. അല്ലെങ്കില്‍ ഈ ഗവര്‍ണറെ ശരിയായ രീതിയില്‍ മുമ്പോട്ടു നയിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ടല്ലോ. അവര്‍ അതു ചെയ്യുന്നില്ലല്ലോ. അവര്‍ ഗവര്‍ണര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും പൊതു ശത്രു സിപിഎമ്മാണ്. സിപിഎമ്മിനെതിരായിട്ട് കോണ്‍ഗ്രസും ബിജെപിയും ഒരേ പോലെയോ, ചിലപ്പോള്‍ കൂട്ടായോ പ്രതികരിച്ചു കൊണ്ടിരിക്കുന്നതാണ് നിലവില്‍ കാണാന്‍ കഴിയുന്നതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

എസ്എഫ്ഐക്കാര്‍ കാറിനെ ആക്രമിച്ചു എന്ന് ഗവര്‍ണര്‍ പറയുന്നത് കളവാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പകല്‍വെളിച്ചം പോലെ ഇതെല്ലാം കാണിച്ചപ്പോള്‍ അദ്ദേഹം പറയുന്നത് തെറ്റായിരുന്നുവെന്ന് ആളുകള്‍ക്ക് ബോധ്യമായിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ ആക്രമിക്കുന്നു എന്ന നില വരുത്തി കേന്ദ്രസര്‍ക്കാരിന്റെ നടപടി ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ വിഡ്ഢിവേഷം കെട്ടുന്നത്. ഇതൊന്നും കേരളീയ സമൂഹത്തില്‍ ഏശാന്‍ പോകുന്നില്ല. ന്യായമായിട്ടും സത്യസന്ധമായിട്ടും ശരിയായ രീതിയിലും രാഷ്ട്രീയപ്രവര്‍ത്തനം നടത്തി മുമ്പോട്ടുപോകുന്ന നാടാണ് കേരളമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

More Stories from this section

family-dental
witywide