
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. അജിത് കുമാര്‍ ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തു സി പി എം സംസ്ഥാന സെക്രട്ടറി. അജിത് കുമാര്‍-ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ച പരിശോധിക്കേണ്ടത് സര്‍ക്കാറാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. എ ഡി ജി പി ഒരാളെ കാണുന്നത് പാര്‍ട്ടിയെ അലട്ടുന്ന പ്രശ്‌നമല്ല. ഉദ്യോഗസ്ഥന്‍ പോയെങ്കില്‍ പരിശോധിക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. സി പി ഐ അതൃപ്തി വ്യക്തമാക്കിയല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പിന്നെ താനിത് തൃപ്തിയോടെയാണോ പറയുന്നത് എന്നായിരുന്നു സിപിഎം സെക്രട്ടറിയുടെ മറുചോദ്യം.
ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും അദ്ദേഹം ആരോപിച്ചു. തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ എതിർത്തത്. എഡിജിപി ആരെ കാണാൻ പോകുന്നതും തങ്ങൾക്ക് പ്രശ്നമല്ല. സിപിഐഎമ്മിൻ്റെ ബിജെപിയോടുള്ള നിലപാട് ഇവിടെ എല്ലാവർക്കും അറിയാം. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. അത് കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. പൊലീസിനെതിരായ പരാതി അറിയിക്കാൻ വാട്സ്ആപ്പ് നമ്പർ വെച്ച പിവി അൻവറിൻ്റെ പ്രവർത്തിയിൽ തെറ്റില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.