അയോധ്യയിൽ നിന്നു തിരിച്ചെത്തിയ മോദിയുടെ ആദ്യ പ്രഖ്യാപനം; ‘ഒരു കോടി വീടുകളിൽ സോളാർ’

ന്യൂഡൽഹി: വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ആളുകളെ സഹായിക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പ്രാണ പ്രതിഷ്ഠാ ചടങ്ങിനു ശേഷം അയോധ്യയിൽ നിന്ന് മടങ്ങിയെത്തിയ മോദിയുടെ ആദ്യപ്രഖ്യാപനമാണിത്. “ലോകത്തിലെ എല്ലാ ഭക്തർക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽ നിന്ന് ഊർജ്ജം ലഭിക്കുന്നു” എന്ന തിരിച്ചവാണ് ഈ തീരുമാനത്തിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു.

“അയോധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാൻ എടുത്ത ആദ്യ തീരുമാനം, 1 കോടി വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ സർക്കാർ “പ്രധാനമന്ത്രി സൂര്യോദയ യോജന” ആരംഭിക്കും എന്നതാണ്,” പ്രധാനമന്ത്രി മോദി എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ഇത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് അയോധ്യയിൽ നടന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി മോദി പിന്നീട് തന്റെ പ്രസംഗത്തിൽ ശ്രീരാമൻ “ഊർജ്ജം” ആണെന്നും ഇന്ന് “ഒരു പുതിയ യുഗത്തിന്റെ പ്രഭാതം” ആണെന്നും പറഞ്ഞു.

“രാമൻ അഗ്നിയല്ല, ഊർജ്ജമാണ്. രാമൻ ഒരു തർക്കമല്ല, പരിഹാരമാണ്. രാമൻ നമ്മുടേത് മാത്രമല്ല, എല്ലാവരുടേതുമാണ്,” പ്രധാനമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide