ഇടതുപക്ഷത്തിന് തിരിച്ചടി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി; ‘സത്യത്തെ ഒരിക്കലും കുഴിച്ചുമൂടാനാവില്ല’

കൊച്ചി: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പുവിജയം ശരിവച്ച് കേരള ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഇടത് സ്ഥാനാര്‍ഥി കെ.പി. മുഹമ്മദ് മുസ്തഫ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. സുധയാണ് ഹര്‍ജി പരിഗണിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ ജയിച്ചത്. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്തഫ ഹര്‍ജി നല്‍കിയത്. 348 തപാല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവെച്ചെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. തപാല്‍ വോട്ടുകളില്‍ 300-ല്‍ കുറയാത്ത വോട്ടുകള്‍ തനിക്ക് ലഭിച്ചെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.

കേസ് ഹൈക്കോടതി തള്ളിയതിനു പിന്നാലെ സത്യത്തെ ഒരിക്കലും കുഴിച്ചുമൂടാനാവില്ലെന്ന് നജീബ് കാന്തപുരം പ്രതികരിച്ചു. കൂടുതല്‍ പ്രതിബദ്ധതയോടുകൂടി പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കാനും അവര്‍ക്കുവേണ്ടി ആത്മാര്‍ഥമായി ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമായും ഉത്തരവാദിത്തത്തോടും ഏറ്റെടുത്ത് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുമുള്ള ഊർജമായാണ് വിധിയെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.