
ന്യൂഡൽഹി: ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഈ വർഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി.
ബഹിരാകാശ ദൗത്യത്തിൻ്റെ വിശദാംശങ്ങളെക്കുറിച്ച് സംസാരിച്ച എറിക് ഗാർസെറ്റി, ഒരു അമേരിക്കൻ ദൗത്യത്തിനായി ഐഎസ്എസിലേക്ക് പറക്കുന്ന ബഹിരാകാശ സഞ്ചാരിയുടെ പേര് ഇന്ത്യൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.
“അതിനാൽ ഈ കലണ്ടർ വർഷം ഒരു ഇന്ത്യൻ ബഹിരാകാശയാത്രികനെ അമേരിക്കൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കും എന്നായിരുന്നു പ്രസിഡന്റിന്റെ വാഗ്ദാനം. ആ പദ്ധതി ഇപ്പോഴും നിലവിലുണ്ട്,” ഗാർസെറ്റി പറഞ്ഞു.
“ഇത് ബഹിരാകാശമാണ്. അതിനാൽ എപ്പോൾ സംഭവിക്കുമെന്ന് ഉറപ്പുനൽകാൻ കഴിയില്ല. പക്ഷെ അത് സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആ ബഹിരാകാശ സഞ്ചാരി ആരാണെന്ന് ഇന്ത്യൻ സർക്കാർ സൂചിപ്പിച്ചു. ശരിയായ സമയത്ത് പേരും മറ്റ് വിവരങ്ങളും പ്രഖ്യാപിക്കും,” അംബാസഡർ പറഞ്ഞു.