
വാഷിങ്ടൺ: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് പാർട്ടിക്കുള്ളിൽ ആശങ്കകൾ ഉയർന്നതോടെ, പ്രസിഡൻ്റ് മത്സരത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറിയ പശ്ചാത്തലത്തിൽ, വൈസ് പ്രസിഡന്റ് കമല ഹാരിസിന് പിന്തുണയേറുന്നു. ഉന്നത ഡെമോക്രാറ്റിക് നേതാവും മുൻ യുഎസ് ഹൗസ് സ്പീക്കറുമായ നാൻസി പെലോസി തിങ്കളാഴ്ച കമലാ ഹാരിസിനെ പാർട്ടിയുടെ പ്രസിഡൻ്റ് നോമിനിയായി പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.
മത്സരത്തിൽ നിന്ന് പിന്മാറിയ പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റണും ഉൾപ്പെടെയുള്ള മറ്റ് ഉന്നത പാർട്ടി നേതാക്കളും പിന്തുണയുമായി എത്തിയ സാഹചര്യത്തിൽ, കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത കൂടുതലാണ്.
“വളരെ അഭിമാനത്തോടെയും രാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയോടെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രസിഡന്റ് മത്സര സ്ഥാനത്തേക്ക് ഞാൻ പിന്തുണയ്ക്കുന്നു,” നാൻസി പെലോസി പറഞ്ഞു.
2024 ലെ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസിനെ സംസ്ഥാന പ്രതിനിധികളും അംഗീകരിച്ച് തുടങ്ങി. ട്രംപിനെ പരാജയപ്പെടുത്താനും ബൈഡന്റെ നേട്ടങ്ങളുടെ പാത പിന്തുടരാനും കമല ഹാരിസിന് പരിപൂർണ പിന്തുണ നൽകുന്നതായി ലൂസിയാനയി പാർട്ടി ചെയർ റാൻഡൽ ഗെയിൻസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മേരിലാൻഡ് പ്രതിനിധികൾ ഹാരിസിന് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ഏകകണ്ഠമായി വോട്ട് ചെയ്തതായി മേരിലാൻഡ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ കെൻ ഉൽമാൻ പറഞ്ഞു. കെന്റക്കി, ടെന്നസി, നോർത്ത് കരോലിന, സൗത്ത് കരോലിന, മെയൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളും കമലയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു.
കാലിഫോർണിയ സ്വദേശിയായ കമല ഹാരിസിനെ അംഗീകരിക്കാൻ കാലിഫോർണിയയിലെ ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രതിനിധികളോട് ആവശ്യപ്പെടുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളും ഹാരിസിന് പിന്തുണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രതിനിധികൾക്ക് കത്തയച്ചു.