മോദി 3.0 തുടങ്ങി, പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും ചുമതലയേറ്റു; ആദ്യ ഒപ്പിട്ടത് കിസാന്‍ നിധി ഫയലില്‍

ഡല്‍ഹി: ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയെന്ന വിശേഷണത്തോടെ നരേന്ദ്ര മോദി ചുമതലയേറ്റു. വീണ്ടും പ്രധാനമന്ത്രി കസേരയിലിരുന്ന മോദി ആദ്യം ഒപ്പുവച്ചത് പി എം കിസാന്‍ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലിലാണ്. ഇരുപതിനായിരം കോടി രൂപയോളമാണ് കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് മോദി വ്യക്തമാക്കി. അതാണ് ആദ്യം ഒപ്പിടുന്ന ഫയലായി പി എം കിസാന്‍ നിധിയെ തിരഞ്ഞെടുത്തതെന്നും മോദി വിവരിച്ചു. വരും ദിവസങ്ങളില്‍ കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് വൈകീട്ട് ചേരും. മന്ത്രിമാരുടെ വകുപ്പ് വിഭജനമടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രിയായി അമിത് ഷാ, വിദേശ കാര്യ മന്ത്രിയായി എസ് ജയശങ്കര്‍ എന്നിവര്‍ തുടര്‍ന്നേക്കും. എന്നാൽ അതത്ര എളുപ്പമല്ല. ഘടകക്ഷികളിൽ പ്രബലരായ ടി ഡി പിയും ജെ ഡി യുവും പ്രമുഖ വകുപ്പുകൾ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള 72 അംഗങ്ങളാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇന്നു ചേരുന്ന ആദ്യ കേന്ദ്ര മന്ത്രി സഭ യോഗത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ജെ ഡി യു, ടി ഡി പി സഖ്യകക്ഷികള്‍ മുന്നോട്ടുവച്ച ചില ആവശ്യങ്ങളുടെ കാര്യത്തില്‍ സുപ്രധാന പ്രഖ്യാപനം നടത്തി ഘടകകക്ഷികള്‍ക്ക് മികച്ച പരിഗണന സര്‍ക്കാര്‍ നല്‍കുമെന്ന സന്ദേശം നല്‍കിയേക്കും സൂചനയുണ്ട്.

ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ സുപ്രധാന നാല് വകുപ്പുകളും വിദ്യാഭ്യാസം സാംസ്‌കാരികം എന്നീ വകുപ്പുകളും ബി ജെ പി തന്നെ കൈവശം വക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ടിഡി പി യും ജെ ഡി യുവും റെയില്‍വേക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചെങ്കിലും വിട്ടു നല്‍കുന്നതില്‍ പാര്‍ട്ടിക്കു താല്‍പര്യമില്ല.സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും ഏതു വകുപ്പുകള്‍ ലഭിക്കും എന്ന കാര്യത്തില്‍ കേരളത്തിന്റെ ആകാംക്ഷ നിലനില്‍ക്കുകയാണ്. തന്നെ സ്വതന്ത്രമായി പറക്കാന്‍ അനുവദിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു സത്യപ്രതിജ്ഞക്കു ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം. സഹമന്ത്രിസ്ഥാനം മാത്രം ലഭിച്ചതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Narendra Modi signs first file on ‘Kisan Nidhi’ as PM for 3rd term

More Stories from this section

family-dental
witywide