
ന്യൂഡല്‍ഹി: ശീതയുദ്ധത്തിന് ശേഷം നാറ്റോ നടത്തുന്ന ഏറ്റവും വലിയ നീക്കമായ സ്റ്റെഡ്ഫാസ്റ്റ് ഡിഫന്‍ഡര്‍ 24 ന് തുടക്കം. ഫെബ്രുവരി മുതല്‍ മെയ് വരെ ട്രാന്‍സ്-അറ്റ്‌ലാന്റിക് മേഖലയിലുടനീളം നടക്കുന്ന നാറ്റോ അഭ്യാസമാണ് സ്റ്റെഡ്ഫാസ്റ്റ് ഡിഫെന്‍ഡര്‍ 2024 അല്ലെങ്കില്‍ സ്റ്റെഡ്ഫാസ്റ്റ് ഡിഫന്‍ഡര്‍ 24.
നോര്‍ത്ത് അറ്റ്‌ലാന്റിക് ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 5 (അലയന്‍സ് കേസ്) സജീവമാക്കിക്കൊണ്ട് ഒരു അംഗരാജ്യത്തിനെതിരെ ഒരു ശക്തിയോ എതിരാളിയോ നടത്തുന്ന സാങ്കല്‍പ്പിക ആക്രമണത്തോടുള്ള പ്രതികരണം പരിശീലിക്കാനാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സ്റ്റെഡ്ഫാസ്റ്റ് ഡിഫന്‍ഡര്‍ തന്ത്രങ്ങളുടെ പരമ്പരയുടെ ഭാഗമാണ് അഭ്യാസം.
മെയ് വരെ നടക്കുന്ന സ്റ്റെഡ്ഫാസ്റ്റ് ഡിഫന്‍ഡര്‍ 2024 അഭ്യാസത്തില്‍ 90,000 സൈനികര്‍ ചേരുമെന്ന് സഖ്യത്തിന്റെ ഉന്നത കമാന്‍ഡര്‍ ക്രിസ് കാവോലി പറഞ്ഞു. വിമാനവാഹിനിക്കപ്പലുകള്‍ മുതല്‍ ഡിസ്‌ട്രോയറുകള്‍ വരെയുള്ള 50 ലധികം കപ്പലുകളും 80 ലധികം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും 133 ടാങ്കുകളും 533 കാലാള്‍പ്പട യുദ്ധ വാഹനങ്ങളും ഉള്‍പ്പെടെ 1,100 യുദ്ധ വാഹനങ്ങളും പങ്കെടുക്കുമെന്ന് നാറ്റോ അറിയിച്ചു.