
തിരുവനന്തപുരം: നവകേരള ബസ് സർവ്വീസ് നടത്തുക കോഴിക്കോട് – ബംഗളുരു റൂട്ടിൽ ആയിരിക്കുമെന്ന് സൂചന. അന്തർ സംസ്ഥാന സർവീസിനായി ബസ് ഉപയോഗിക്കാൻ കെഎസ്ആർടിസിയിൽ ആലോചന സജീവമാണ്. സ്റ്റേജ് ക്യാരേജ് പെർമിറ്റിൻ്റെ നടപടികൾ പൂർത്തിയായാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബസ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് കൈമാറിയേക്കില്ലെന്നാണ് നിലവിലെ വിവരം.
അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്‌സും മാറ്റിയിട്ടില്ല.
ബസിൻറെ കോൺട്രാക്ട് ക്യാരേജ് പെർമിറ്റ്, സ്‌റ്റേജ് ക്യാരേജ് പെർമിറ്റാക്കി മാറ്റാനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. വൻതുക മുടക്കി വാങ്ങിയ ബസ് ഉപയോഗിക്കുന്നില്ലെന്ന വിമർശനത്തിന് പിന്നാലെയാണ് കെഎസ്ആർടിസി ഇക്കാര്യത്തിൽ നടപടികളാരംഭിച്ചത്. സംസ്ഥാന സർക്കാരിൻറെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്.
ബസ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് നൽകാൻ ധാരണയും ആയി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപനം നടപ്പായില്ല. അറ്റകുറ്റപ്പണി കഴിഞ്ഞ ബസ് കെഎസ്ആർടിസി പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിൽ ആണ് ഇപ്പോൾ ഉള്ളത്. ബസ് വെറുതെ കിടക്കുന്നുവെന്ന വിമർശനം ശക്തമായതോടെയാണ് കെഎസ്ആർടിസി മാനേജ്മെൻറ് സർവ്വീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.