കോഴിക്കോട്: ആദ്യ സര്‍വീസ് ആരംഭിച്ച നവകേരള ബസിന്റെ വാതിലിന് തകരാര്‍. കോഴിക്കോട്ടുനിന്ന് യാത്ര തുടങ്ങി അല്പസമയത്തിനകം നവകേരള ബസ്സിന്റെ വാതില്‍ കേടായി. വാതില്‍ തനിയെ തുറന്നുവരികയായിരുന്നു. വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്.
ഗരുഡ പ്രീമിയം സർവീസ് ആയാണ് ബസ് റൂട്ടിലിറങ്ങിയത്. താമരശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രാവിലെ 11.15 ഓടെ ബസ് ബെംഗളൂരുവിൽ എത്തും. ഉച്ചയ്ക്ക് 2.30 നാണ് മടക്കയാത്ര. രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര സമയം ക്രമീകരിച്ചിരിക്കുന്നത്.
1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം. ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡായിരുന്നു. ബുധനാഴ്ച ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു.
എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാൻ ഹൈഡ്രോളിക് ലിഫ്റ്റുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജീകരിച്ചിട്ടുണ്ട്.