
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സ്വാതി മാലിവാള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. സ്വാതി മാലിവാള്‍ കെജ്‌രിവാളിന്റെ വസതിയിലെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹായി വൈഭവ് കുമാറിനോടും ഇങ്ങോട്ടെത്തണമെന്ന് ആരോ വിളിച്ചുപറഞ്ഞു. ഇത് ആരാണെന്ന് കണ്ടെത്താന്‍ കെജ്‌രിവാൾ ഉൾപ്പെടെയുള്ളവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് കമ്മിഷൻ ആവശ്യപ്പെടുന്നത്.
“സ്വാതി മാലിവാള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയശേഷം വൈഭവ് കുമാറിനോട് മുഖ്യമന്ത്രിയുടെ വസതിയിലെത്താന്‍ ആരോ ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആരുടെ നിര്‍ദേശപ്രകാരമാണ് വൈഭവ് വന്നതെന്ന് കണ്ടെത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും ഫോണ്‍ രേഖകള്‍ (സി.ഡി.ആര്‍) പരിശോധിക്കണം.”
സ്വാതി മാലിവാളിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ദേശീയ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഉചിതമായ വകുപ്പുകള്‍ പ്രകാരം കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും മൂന്ന് ദിവസത്തിനകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ പോലീസിനോട് ആവശ്യപ്പെട്ടു.