
ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനടക്കം 12 പേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് ബി.ജെ.പി. അംഗങ്ങളും എന്‍.ഡി.എ. ഘടകകക്ഷികളായ എന്‍.സി.പി, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയില്‍നിന്ന് ഒരോരുത്തരും ഒരു കോണ്‍ഗ്രസ് അംഗവുമാണ് രാജ്യസഭയിലേക്ക് എത്തുന്നത്.
ഇതോടെ, ബിജെപിയുടെ അംഗബലം 96ല്‍ എത്തിയതോടെ ഉപരിസഭയില്‍ എന്‍ഡിഎ 112 ആയി. ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയും ഭരണ മുന്നണിക്കുണ്ട്. കോണ്‍ഗ്രസിലെ ഒരു അംഗവും തിരഞ്ഞെടുക്കപ്പെട്ടതോടെ ഉപരിസഭയിലെ പ്രതിപക്ഷ അംഗസംഖ്യ 85 ആയി.
രാജ്യസഭയില്‍ 245 സീറ്റുകളാണുള്ളത്, നിലവില്‍ എട്ട് ഒഴിവുകള്‍ ഉണ്ട്. ലോക്‌സഭയിലെ നിലവിലെ അംഗബലം 237 ആയപ്പോള്‍ ഭൂരിപക്ഷം 119 ആണ്.
അസമില്‍നിന്ന് മിഷന്‍ രഞ്ജന്‍ ദാസ്, രാമേശ്വര്‍ തേലി, ബിഹാറില്‍നിന്ന് മനന്‍ കുമാര്‍ മിശ്ര, ഹരിയാമയില്‍നിന്ന് കിരണ്‍ ചൗധരി, മധ്യപ്രദേശില്‍നിന്ന് ജോര്‍ജ് കുര്യന്‍, മഹാരാഷ്ട്രയില്‍നിന്ന് ധിര്‍യ ശീല്‍ പാട്ടീല്‍, ഒഡിഷയില്‍നിന്ന് മമത മൊഹന്ത, രാജസ്ഥാനില്‍നിന്ന് രവ്നീത് സിങ് ബിട്ടു, ത്രിപുരയില്‍നിന്ന് രാജീവ് ഭട്ടാചാര്യ എന്നിവരാണ് രാജ്യസഭയിലെത്തിയ ബി.ജെ.പി. അംഗങ്ങള്‍. തെലങ്കാനയില്‍നിന്ന് അഭിഷേക് മനു സിങ്വിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.












