ജോലി വാ​ഗ്ദാനം ചെയ്ത് ഇരുപതോളം സ്ത്രീകളെ ബലാത്സം​ഗം ചെയ്തു; മുൻ മുൻസിപ്പൽ കമ്മിഷണർക്കും അധ്യക്ഷനുമെതിരെ കേസ്

ജയ്പൂർ: അങ്കണവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രാജസ്ഥാനിലെ സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ മഹേന്ദ്ര മേവാഡയ്ക്കും മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണർ മഹേന്ദ്ര ചൗധരിക്കും എതിരെ കേസെടുത്തു. സിരോഹി മുൻസിപ്പൽ കൗൺസിൽ അധ്യക്ഷൻ മഹേന്ദ്ര മേവാഡ, മുൻ മുൻസിപ്പൽ കൗൺസിൽ കമ്മീഷണർ മഹേന്ദ്ര ചൗധരി എന്നിവർക്കെതിരെയാണ് കേസ്.

പ്രതികൾ തന്നെയും മറ്റ് 20 ഓളം സ്ത്രീകളെയും തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചെന്ന് ആരോപിച്ച് പാലി ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രതികൾ ലൈംഗികാതിക്രമങ്ങൾ ചിത്രീകരിക്കുകയും പിന്നീട് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരകളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും പണത്തിനായി അഞ്ച് ലക്ഷം രൂപ വീതം ആവശ്യപ്പെടുകയും ചെയ്‌തതായും യുവതി അവകാശപ്പെട്ടു.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376 ഡി (കൂട്ടബലാത്സം​ഗം), 417(വഞ്ചന), 384 എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയം പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.