
ന്യൂഡൽഹി: നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീണതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച് കാനഡ. ഇന്ത്യയില്‍ നിന്നുള്ള 40 ശതമാനം വിസ അപേക്ഷകളും കാനഡ നിരസിച്ചതായാണ് റിപ്പോര്‍ട്ട്.
കാനഡ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഫൗണ്ടേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് അപേക്ഷകള്‍ തള്ളിയിരിക്കുന്നതെന്നും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിസകളാണ് ഏറ്റവും കൂടുതല്‍ നിരസിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ജനുവരി ഒന്നിനും 2023 ഏപ്രില്‍ 30 നും ഇടയിലുള്ള കാലയളവില്‍ കനേഡിയന്‍ കോളജുകള്‍ സ്വീകരിച്ച 8,66,206 സ്റ്റഡി പെര്‍മിറ്റ് അപേക്ഷകരില്‍ 54.3 ശതമാനം (4,70,427) ആണ് ഇമിഗ്രേഷന്‍ വിഭാഗം അംഗീകരിച്ചത്.
പൊതു സര്‍വകലാശാലകളെ അപേക്ഷിച്ച് പൊതുകോളജുകള്‍ സ്വീകരിച്ച അപേക്ഷകളാണ് കൂടുതലായി നിരസിക്കപ്പെട്ടത്. സ്വകാര്യ സ്ഥാപനങ്ങളിലാകട്ടെ ഇത് വളരെ അധികമാണെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിദേശ രാജ്യമാണ് കാനഡ. കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസം, ജോലി, കുടിയേറ്റ സാധ്യതകള്‍ തുടങ്ങിയവ കാനഡ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചിരുന്നു.
വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുന്നുണ്ട്. സ്വദേശീയരായ വിദ്യാര്‍ത്ഥികളുടെതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് വിദേശികളുടെ സംഭാവന. ഏതാണ്ട് 22 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ ട്യൂഷന്‍ ഫീസിനും ചെലവിനുമായി രണ്ട് ലക്ഷത്തോളം ജോലികളും ഇവര്‍ ചെയ്യുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം അന്തര്‍ദേശീയ വിദ്യാഭ്യാസ പരിപാടികളുടെ വിശ്വാസം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ കടുത്ത നടപടികള്‍ ഉണ്ടാകുന്നതെന്നും വിലയിരുത്തലുണ്ട്. കാനഡയില്‍ കുടിയേറ്റം വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്‌മെന്റുകള്‍ വര്‍ധിച്ചതായും നിരവധി പേര്‍ തട്ടിപ്പിന് ഇരയായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതെന്ന് സൂചനയുണ്ട്.