
ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷ ക്രമക്കേടുകളില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ഇന്നും ലോക്സഭയില്‍ ശക്തമായി ആവശ്യപ്പെടും. ഭരണപക്ഷം അനുകൂല നിലപാട് എടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
നീറ്റ്‌ന് പുറമെ അഗ്‌നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയിലും പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ നീക്കത്തിനെതിരെ ഭരണപക്ഷം ശക്തമായി വിമര്‍ശനം ഉന്നയിക്കുകയാണ്. സംവാദത്തിന് തയ്യാറാകാതെ പാര്‍ലമെന്റില്‍ പ്രശ്നമുണ്ടാക്കുന്നുവെന്നാണ് ബി.ജെ.പി ആരോപണം.
രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ് ലോക്സഭയില്‍ ഇന്നു തീരുമാനിച്ചിരിക്കുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം നടത്തും.
വെള്ളിയാഴ്ച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചകളിലേക്കും നയിച്ചിരുന്നു. യുവാക്കളുടെ ശബ്ദമായാണ് താന്‍ ഉള്ളതെന്നും നീറ്റ് വിഷയത്തില്‍ ചര്‍ച്ച വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. മൈക്ക് ഓഫ് ചെയ്ത് നിശബ്ദരാക്കാന്‍ നോക്കേണ്ടെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.













