അംബേദ്കറെ അപമാനിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി അമിത് ഷാ: ‘വാക്കുകൾ വളച്ചൊടിച്ചു, കോൺഗ്രസ് അംബേദ്കർ വിരോധി പാർട്ടി’, നെഹ്‌റുവിനും വിമർശനം

ഡൽഹി: ഭരണഘടന ശിൽപ്പി ബി ആര്‍ അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. കോണ്‍ഗ്രസും പ്രതിപക്ഷവും തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നാണ് അമിത് ഷായുടെ പ്രതികരണം. കോണ്‍ഗ്രസ് വസ്തുതകളെ വളച്ചൊടിച്ച് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. താനല്ല, കോണ്‍ഗ്രസാണ്, അംബേദ്കര്‍ വിരുദ്ധരെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു. നെഹ്റുവായിരുന്നു അംബേദ്കർ വിരുദ്ധനെന്നും കോൺഗ്രസ് അത് തുടരുകയാണെന്നും ഷാ കൂട്ടിച്ചേർത്തു.

ഭരണഘടനയ്ക്കും സംവരണത്തിനും അവര്‍ എതിരാണ്. വീര്‍ സവര്‍ക്കറെയും കോണ്‍ഗ്രസ് അപമാനിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്ലാ ഭരണഘടനാ മൂല്യങ്ങളും തകര്‍ത്തുവെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. ബിജെപി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അമിത്ഷായുടെ പ്രതികരണം. പാർലമെന്റിന് അകത്തും പുറത്തുമുള്ള വ്യാജ ആരോപണങ്ങൾക്കെതിരെ നടപടികളെടുക്കുമെന്നും ഖർ​ഗെ തന്റെ രാജി ആവശ്യപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുന്നെങ്കിൽ അത് തുടരട്ടെയെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷായുടെ വിവാദ പരാമര്‍ശം ഉണ്ടായത്. അംബേദ്കര്‍ എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്രയും തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നുവെന്നായിരുന്നു ഷാ നടത്തിയ പ്രസ്താവന. ഇതാണ് വിവാദമായത്.

More Stories from this section

family-dental
witywide